Sunday, January 12, 2014

വിടരാതെ കൊഴിഞ്ഞവൾ...

ഇന്ന് ഞാൻ ഏറെ ദുഖിതയാണ്. എന്റെ സുഹൃത്ത്‌, അവസാന വർഷ എഞ്ചിനീയറിംഗ് വിദ്യാർഥിനിയായിരുന്ന അതിസുന്ദരിയായ എന്റെ പ്രിയപ്പെട്ടവൾ രക്താർബുദം വന്നു മരിച്ചു. മുൻപൊരിക്കൽ അവളെ കുറിച്ച് പറഞ്ഞത് ഏറെ സന്തോഷത്തോടെയാണ്. പെട്ടെന്നാണ് കാര്യങ്ങൾ മാറി മറിഞ്ഞത്..ഓർക്കുന്നുണ്ടോ ജനറൽ മെഡിസിൻ വാർഡിലെ ചിരി?  ഞങ്ങളുടെ ഡോക്ടർ അന്ന് കണ്ടു പിടിച്ചതാണ് കാൻസർ. പക്ഷെ മജ്ജ കുത്തി എടുത്ത് പരിശോധിച്ചാലെ ഉറപ്പിക്കാനാകു എന്നതിനാൽ അവൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് അത് ചെയ്തതുമാണ്. അന്ന് അവൾക്കു വിറ്റമിൻ  B12 കുറവാണെന്ന് അവർ വിധിയെഴുതി.

എല്ലാത്തിനും അവസാനവാക്കായ മെഡിക്കൽ കോളേജിലെ റിപ്പോർട്ട്‌ വിശ്വസിച്ചു തുള്ളിച്ചാടി അവൾ എന്നെ വിളിച്ചതാണ്..അതിനു ശേഷവും അവളുടെ പെരുന്നാൾ ആശംസകളും മറ്റും എനിക്ക് വന്നിരുന്നു..പിന്നെയെപ്പോഴോ എഞ്ചിനീയറിംഗ് അവസാനവർഷക്കാരിയുടെ തിരക്കുകളിലേക്ക് അവൾ വീണു കാണും എന്ന് വിശ്വസിച്ചു എന്റെ ഉള്ളിലെ വലിയ സന്തോഷങ്ങളിൽ ഒന്നായി അവൾ..

കുടുംബം പുലര്ത്തുന്ന അങ്കൻവാടി ഹെൽപർ ആയ ഉമ്മാക്ക് അവൾ ആയിരുന്നു പ്രതീക്ഷ..നാല് വർഷത്തെ അവളുടെ ഫീസ്‌ കെട്ടാൻ അവർ എത്ര കഷ്ടപെട്ടു കാണും..അവളുടെ താഴെയുള്ള രണ്ടു കുട്ടികളുടെ എത്ര കുഞ്ഞുസ്വപ്നങ്ങൾ ഇത്താത്ത വലുതാകുമ്പോൾ ചെയ്തു തരും എന്ന് പറഞ്ഞു അവർ മാറ്റി വെച്ചിട്ടുണ്ടാകും..ആ ഉമ്മയുടെ കരച്ചിൽ...ദൈവം ചില നേരത്തെങ്കിലും ഒരു  എത്തും പിടിയും കിട്ടാത്ത പ്രഹേളികയാണ്..കരുണാനിധിയും ദയാവാരിധിയുമായ ഈശ്വരൻ  എന്ത് കൊണ്ടോ ചിലർക്ക് ദുഃഖങ്ങൾ മാത്രം നല്കുന്നു. അല്ലെങ്കിൽ അവളെ നേരത്തെ കൊണ്ട് പോകാതിരുന്നതെന്തു കൊണ്ടാണ്...എല്ലാ പ്രതീക്ഷകളും പൂവിടെണ്ടിടത്ത് വെച്ച്..ഒരു പൂ പോലെ സുന്ദരിയായ അവളെ കരിച്ചു കളഞ്ഞു.

'ഷിംനത്താ' എന്ന് നീട്ടി വിളിച്ചിരുന്നത്‌ ചെവിയിൽ മുഴങ്ങുന്നെനിക്ക്...ഏറ്റവും വലിയ വിഷമം അനിയന്റെ കോളേജിൽ അവളുടെ കോളേജിലെ കുട്ടിക്ക് മജ്ജ  മാറ്റി വെക്കാൻ വേണ്ടി പിരിവു നടക്കുന്നു എന്നറിഞ്ഞപ്പോൾ പോലും ഇത് അവളാണെന്ന് ഞാൻ ഊഹിച്ചില്ല...അവൾക്കു വിറ്റമിൻ കുറവാണെന്ന്  മനസ്സില് കേറ്റി കണ്ണടച്ച് ഇരുട്ടാക്കി ഇരിക്കുകയയിരുന്നല്ലോ ഞാൻ..എനിക്ക് മറിച്ചു  വിശ്വസിക്കാൻ ആകുകയുമില്ലായിരുന്നു..ആ ചിരി മായുന്നത് അത്രയ്ക്ക് ഭയന്നിരുന്നു ഞാൻ..

അവളെ ഒന്ന് വിളിച്ചു നോക്കിയിരുന്നെകിൽ അവളോട്‌ അല്ലെങ്കിൽ അവളുടെ ഉമ്മയോട് ഒന്ന് മിണ്ടാമായിരുന്നു..അതിനും മെനക്കെട്ടില്ല ഞാൻ..ഇന്ന് ഭർത്താവിന്റെ അനിയനും പറഞ്ഞു  അവനും ഇത് അറിയാമായിരുന്നു എന്ന്..


ഞങ്ങളുടെ രണ്ടു പേരുടെ കോളെജുകളും ഒരേ സ്ഥാപനത്തിന് കീഴിൽ ഉള്ളതാണ്..രണ്ടു കിലോമീറ്റർ ദൂരത്തിൽ...എന്നിട്ടും ഞാൻ അറിഞ്ഞില്ല..അത്രയ്ക്ക് തിരക്കുകൾ ഉണ്ടായിരുന്നോ എനിക്ക്..ഏതോ ഒരു കുട്ടിയുടെ അസുഖം, അത്രയേ ചിന്തിച്ചുള്ളൂ..എന്റെ ഒരു വിളി അവൾ പ്രതീക്ഷിചിരുന്നിരിക്കണം...കുറ്റബോധം ഒന്നിനും ഒരു ന്യായീകരണമല്ല എന്നറിയാം...

അവളുടെ ജീവൻ നഷ്ടപെട്ട ശരീരം വെല്ലൂർ നിന്ന് ഇപ്പോൾ എത്തിക്കാണും..നാളെ രാവിലെയാണ് ചടങ്ങുകൾ..അവസാനമായി അവളെ ഒന്ന് കാണണം, അവൾക്കു വേണ്ടി പ്രാർത്ഥിക്കണം..എഞ്ചിനീയറിംഗ് കഴിഞ്ഞു മൈലാഞ്ചികൈകളോടെ ചിരിച്ചു കൊണ്ട് പ്രിയപ്പെടവന്റെ കൂടെ പോകുന്ന മണവാട്ടിയായി അവളെ സങ്കല്പ്പിച്ച എന്റെ കണ്മുന്നിലൂടെ അവൾ വെളുത്ത തുണിയാൽ മൂടപെട്ടു...

പറഞ്ഞതെല്ലാം വ്യർഥമായ വാക്കുകൾ ആയി നിങ്ങള്ക്ക് തോന്നാം..ഏറ്റവും വിദഗ്ദരായ ഡോക്ടർമാർ ഉള്ളിടത് നിന്ന് പോലും അലംഘനീയമായ ദൈവവിധി അവളുടെ അസുഖം മറച്ചു പിടിച്ചു..സെക്കന്റ് ഒപിനിയൻ സന്തോഷവാർത്ത കേട്ടാലും എടുക്കണം എന്ന് ഓര്മിപ്പികുകയാണ് ഞാൻ..മെഡിക്കൽ കോളേജിനപ്പുറം ഒരിടം ആ സാധുക്കൾ ചിന്തിച്ചു കാണില്ല...ചിന്തിച്ചാലും അവരെ കൊണ്ട് കൂട്ടിയാൽ കൂടുകയുമില്ല.തീരുമാനിക്കപെട്ട വിധി ദൈവം നിലവിൽ വരുത്തി എന്ന് പറയാം.

നല്ലവരെ ദൈവം നേരത്തെ വിളിക്കും എന്ന ആശ്വാസവാക്ക് ഉരുവിട്ട് നിർത്തുകയെ മാർഗം ഉള്ളു...അവളുടെ ആത്മാവിന് ദൈവം ശാന്തി നല്കട്ടെ...അവളുടെ കുടുംബത്തിനു അവളുടെ വേർപാട്‌ താങ്ങാൻ ശക്തിയുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...





Monday, January 6, 2014

കുറുന്തോട്ടി, വാതം പിന്നെ ഗൂഗിളും !!

പുതുവർഷം പിറന്നതിൽ പിന്നെ ഈ വഴിക്ക് വരാൻ പറ്റിയിട്ടില്ല. വീട്ടിലുള്ളവരുടെ അസുഖങ്ങൾ, പിന്നെ തണുത്തു മരവിച്ച ഡിസംബർ തന്ന ജലദോഷം പനിയായി  'മിണ്ടാൻ വയ്യായിക' മൂന്നാം എപ്പിസോഡ്  നടക്കുന്നു. കുറുന്തോട്ടിക്കു വാതം എന്നോക്കെ പറയാൻ കൊളളാം എന്നല്ലാതെ ഇതൊന്നും ഒരു സുഖമില്ല.

പരീക്ഷ വാതിൽക്കൽ വന്നു നില്കുന്നത് കണ്ടില്ലെന്നു നടിച്ചു നടക്കുന്നു. ഇതെല്ലാം കൂടി കലക്കി കുടിച്ചിട്ട് എങ്ങനെ പാസ്‌ ആകാനാണോ !! പിന്നെ, പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല(നീന്തൽ അറിയാത്തത് കൊണ്ട് മുങ്ങി ചാകുകയേ ഉള്ളു )..അപ്പോൾ, ചുരുക്കത്തിൽ മൊത്തത്തിൽ സുഖം സ്വസ്ഥം സുന്ദരസുരഭിലം..

ഞാൻ മെഡിസിന് പോയതിനു ശേഷം ഇന്ന് വരെ മൂന്നു മാസത്തിൽ ഒരിക്കലെങ്കിലും വീട്ടിൽ  ആർക്കെങ്കിലും ഒരു അഡ്മിറ്റ് ഉണ്ടാകാതിരുന്നിട്ടില്ല..(സത്യമായും ഞാൻ ഒന്നും ചെയ്തിട്ടില്ല...എന്നാലും നിങ്ങൾ എന്നെ  കുറിച്ച് അങ്ങനെ ഒക്കെ ചിന്തിച്ചു കളഞ്ഞല്ലോ...കഷ്ടമുണ്ട്.) സത്യം പറയാമല്ലോ എന്റെ പാഠപുസ്തകങ്ങളെക്കാൾ പരീക്ഷക്ക്‌ എഴുതാൻ അറിവ് ഓരോ ആശുപത്രി യാത്രകളും എനിക്ക് തന്നിടുണ്ട്. പല ചികിത്സാരീതികളും മരുന്നുകളും ഓർമ്മയിൽ നില്ക്കുന്നത് ഇങ്ങനെയാണ്..എന്തെങ്കിലും കേട്ടാൽ അപ്പൊ പിടിച്ചു ഗൂഗിൾ ചെയ്യും, അതെന്താണെന്ന് വായിക്കും, മനസ്സില് ഉറപ്പിക്കും.ഫോണിലെ നെറ്റ് കണക്ഷൻ തന്നെ വാട്സാപിനും ഗൂഗിളിനും മാത്രമുള്ളതാണ്.

ഇപ്പൊ ഒരു തരത്തിൽ പറഞ്ഞാൽ എല്ലാവരും ഡോക്ടർമാരാണ് ..രണ്ടു തവണ അടുപ്പിച്ചു തുമ്മിയാൽ ഗൂഗിൾ എടുത്തു 'repeated sneezing in the morning' എന്നൊക്കെ സേർച്ച്‌ ചെയ്തു കളയും..പിന്നെ മരുന്നുകളെ കുറിച്ചുള്ള പഠനം..അവസാനഘട്ടം ഡോക്ടറെ കണ്ടു ഹിസ്റ്ററി കൊടുക്കൽ, ഗുളിക എഴുതി വാങ്ങിക്കൽ..അടുത്തതു മരുന്നിന്റെ പാർശ്വഫലങ്ങൾ  ഗൂഗിൾ ചെയ്യൽ..ചുരുക്കി പറഞ്ഞാൽ ഹമാരാ കച്ചവടം പൂട്ടി പോകും ഹേ ..പക്ഷെ അനാവശ്യമായ ഭീതികൾക്കും ഇത് ഇടയാക്കും. വിക്കിപിഡിയ ഒക്കെ എന്നെ പോലുള്ള മുറിവൈദ്യന്മാർ എഴുതിയതാകാൻ മതി. ഇനി മുഴുവൻ വൈദ്യന്മാർ എഴുതിയതായാൽ പോലും സ്വയം രോഗം കണ്ടെത്തി പേടിച്ചു വിഷാദരോഗം ബാധിച്ചു അതിനു മരുന്ന് കഴിക്കാൻ നില്ക്കന്നത് അബദ്ധമാണ്..പണി അറിയാവുന്നവർക്ക് പണി കൊടുക്ക്‌..ഇല്ലെങ്കിൽ പണി കിട്ടും..

തിരിച്ചുപോക്ക് എഴുതിയ കൂട്ടത്തിൽ ബാല്യത്തിൽ എന്റെ കൂടെ തുമ്പിയും കുഴിയാനയും പിടിക്കാൻ കൂടിയിരുന്ന മേമയെ കുറിച്ച് പറഞ്ഞത് ഓർക്കുന്നില്ലേ..ഉമ്മയുടെ മൂന്നാമത്തെ അനിയത്തി. അവർക്ക് ഈയിടെ കഴുത്തിൽ ഒരു മുഴ കണ്ടു..നമ്മൾ സർജൻ ആണല്ലോ !! .ചുമ്മാ കഴുത്തിൽ കുത്തി കളിച്ചു ആ മുഴയെ തൈറോയിഡ് മുഴയായി അങ്ങ് വിധിയെഴുതി, അവരെ പിടിച്ചു കോളേജിലെ സർജന്റെ മുന്നില് കൊണ്ടിരുത്തി..സർ കഴുത്തിൽ പിടിച്ചു ഞെക്കി നോക്കി കൂടെ ഉണ്ടായിരുന്ന കുട്ടി ഡോക്ടര്മാരെ കൊണ്ടെല്ലാം ഞെക്കിച്ചു അവരെ ഒരു പരുവമാക്കി.. ഞങ്ങൾ അതിനെ കുറിച്ച് തമാശ ഒക്കെ പറഞ്ഞു , ഒരു സിറിഞ്ച് രക്തം ലാബിൽ  കൊടുത്തു പിന്നെ സ്കാൻ ചെയ്യാൻ ഡോക്ടർക്ക്‌  കഴുത്തും വെച്ച് കൊടുത്തു.

പാതോളജി ഡിപാർട്ട്മെന്റിൽ ആണ് മുഴയിലെ നീര് കുത്തി എടുത്തു പരിശോധിക്കുനത്. FNAC എന്ന ചുരുക്കപേരുള്ള സാധനം..സംഗതി ഇത്രെ ഉള്ളു..ഒരു സൂചി എടുത്തു മുഴയിലേക്ക് കുത്തി ഇറക്കി അതിനകത്തിട്ടു ഇളക്കി അതിൽ ഉള്ള സംഗതി പുറത്തെടുത്തു ഗ്ലാസ്‌ സ്ലൈഡിൽ ആക്കി അത് മൈക്രോസ്കോപ്പിൽ വെച്ച് നോക്കും. അസുഖങ്ങളിൽ  കോശഘടനയിൽ വ്യത്യാസങ്ങൾ ഉണ്ടാകും. വേദനിക്കും, കാരണം മരവിപ്പികാതെ ആണിത് ചെയ്യുന്നത്. ഈ വേദന പേടിച്ചു തന്നെ പൊതുവെ ആരും ഇത് ചെയ്യാറില്ല. എനിക്കെന്തോ ഒരു ഉൾവിളി പോലെ തൈറോയിഡ് മുഴയുടെ മൂന്ന് ടെസ്റ്റുകൾ മുഴുവനാക്കണം എന്ന് തോന്നി..കുത്തി എടുത്തപ്പോൾ മേമ എന്റെ വിരലുകൾ പിടിച്ചമർത്തി, എന്റെ വിരലുകളിൽ മോതിരം കൊണ്ട് മുറിഞ്ഞു, എനിക്ക് നന്നായി വേദനിച്ചു...പക്ഷെ എന്റെ കണ്ണ് എന്റെ അധ്യാപകൻ കൂടിയായ പതോലജിസ്ടിന്റെ മുഖത്തായിരുന്നു..

കുത്തിയെടുത്ത  നീര് കണ്ടു സാറിന്റെ മുഖത്തെ ഭാവം മാറുന്നത് ഭീതിയോടെ ഞാൻ കണ്ടു. 'neoplasm' (കാൻസറിനെ സൂചിപ്പിക്കുന്നത്) എന്ന വാക്ക് സർ ഉച്ചരിച്ചത് വല്യ കാര്യമായൊന്നും ഞാൻ എടുത്തില്ല..പിന്നെ സാർ ഞങ്ങളെ കാണാൻ വേണ്ടി വിളിച്ചപോഴും അർബുദസാധ്യതയെ കുറിച്ച് സൂചിപ്പിച്ചു. മുംബൈയിൽ ജീവിച്ചു ശീലിച്ച മേമയുടെ മുന്നില് ഇംഗ്ലീഷിൽ ഉള്ള ഒളിച്ചുകളി നടക്കില്ലല്ലോ..എന്റെ പേടി മറച്ചു എങ്ങനെയോ ചിരിച്ചു ഞാൻ..ഏതായാലും രണ്ടു ദിവസം കഴിഞ്ഞു കിട്ടുന്ന റിപ്പോർട്ട്‌ നോക്കി വീട്ടിൽ പറയാം എന്ന് കരുതി ഭർത്താവിനോട് മാത്രം ഞാൻ സൂചിപ്പിച്ചു വെച്ചു.നെഞ്ചിലെ ഭാരം പരസ്പരം പങ്കിട്ട് രണ്ടു ദിവസങ്ങൾ..

രണ്ടു ദിവസങ്ങള്ക്ക് ശേഷം ഉറപ്പായി, കാൻസർ തന്നെ..ഉമ്മയോട് പറഞ്ഞു..ഉമ്മ മേമയുടെ ഭർത്താവിനെ അറിയിച്ചു..പിന്നെ എല്ലാം ഞൊടിയിടയിൽ ആയിരുന്നു..FNAC റിപ്പോർട്ട്‌ ഞാൻ എന്റെ ബാഗിൽ ഒളിച്ചു വെച്ചു. അതിനിടക്ക് അസുഖവിവരം കൈവിട്ടു പോകുന്ന അവസ്ഥ ഉണ്ടായി..

വയറു സ്കാൻ ചെയ്യാൻ പോയ ഉമ്മയുടെ കൂടെ പോയ മേമയെ എന്റെ സുഹൃത്തായ റേഡിയോലജിസ്റ്റ് വെറുതെ പിടി കൂടി സ്കാൻ ചെയ്തു..FNAC ചെയ്തത് അറിഞ്ഞപ്പോ പുള്ളിക്ക് അസുഖം ഉടൻ അറിയണം എന്ന് പറഞ്ഞു എന്നെ വിളിച്ചു. ഭാഗ്യം, ഞാൻ ക്ലാസ്സിൽ ആയിരുന്നു..ഫോണ്‍ എടുത്തില്ല...അല്ലെങ്കിൽ അന്ന് അവിടെ വെച്ച് അത് പോളിഞ്ഞേനെ..അവിടുന്ന് ഇറങ്ങിയപ്പോൾ ഉമ്മ പതുക്കെ അസുഖത്തിനെ കുറിച്ച് ഡോക്ടറോട് സൂചിപ്പിച്ചു. 

എവിടെ നിന്നെങ്കിലും അസുഖത്തിന്റെ പേര് കിട്ടിയിരുന്നെകിൽ ഗൂഗിളിന്റെ അടുത്ത രക്തസാക്ഷി ആയേനെ മേമ..എന്നിട്ട് തന്നെ തൈറോയിഡ് സർജറിയുടെ വിവരങ്ങൾ എടുത്തു വായിച്ചും യു ട്യുബ് എടുത്തു സർജറി കണ്ടും എന്നെ തീ തീറ്റിച്ചു..കാൻസർ അല്ലാത്ത മുഴക്കു ഓപറേഷൻ പൊതുവെ വേണ്ട എന്നിരിക്കെ നൂറു നുണ പറഞ്ഞു പിടിച്ചു നിന്നു ഞാൻ..

ഒടുക്കം സർജറിയുടെ ദിവസം എത്തി..ധൈര്യവതി ആയിരുന്നു അവർ. ഞാനും എന്റെ സുഹൃത്തും കൂടെ ഉണ്ടായിരുന്നു..കളിച്ചും ചിരിച്ചും ഇരിക്കുന്ന ഞങ്ങൾ എല്ലാവര്ക്കും ഒരു കാഴ്ചയായിരുന്നു..എനിക്ക് സത്യത്തിൽ വല്ലാത്ത പേടി ഉണ്ടായിരുന്നു. ഓപറേഷൻ കുറെയേറെ കണ്ടിട്ടുണ്ടെങ്കിലും ഉമ്മയുടെ സ്ഥാനത്തുള്ള ആളുടെ കഴുത്തിന്‌ കത്തി വെക്കാൻ പോകുന്നു. ഏതൊരു വിദഗ്ദഡോക്ടർക്കും കൈപിഴ പറ്റാവുന്ന വിധത്തിൽ  ഞരമ്പുകൾ  തലങ്ങും വിലങ്ങും ഉള്ള സ്ഥലം. ചില സമയത്തെങ്കിലും അജ്ഞത ഒരു അനുഗ്രഹമാണ് എന്ന് ഞാൻ ഓർത്തു.

ഏതായാലും തൊട്ടാൽ ബോധം പോകും എന്ന മട്ടിൽ ഇരിക്കുന്നവർക്കിടയിൽ  കലപില വർത്താനം പറഞ്ഞു മൂന്നു പേരും ഇരുന്നു ..അനസ്തേഷ്യ കൊടുക്കുന്നതിനു തൊട്ടു മുൻപും എന്നോട് പറഞ്ഞു വീഡിയോ എടുക്കാൻ, പറ്റിയില്ലെങ്കിൽ ഒരു ഫോട്ടോ എങ്കിലും എടുക്കാൻ..പൊതുവെ ഡോക്ടർമാർ അനുവദിക്കും, പഠിക്കാൻ വേണ്ടി ഉള്ള പരിപാടി ആണെന്ന് കരുതി ഉള്ള സൗജന്യം( പ്രസവം പോലെ ഉള്ള സംഗതികൾക്കൊന്നും ആ പരിസരത്ത് പോലും മൊബൈൽ ഫോണ്‍ അനുവദനീയമല്ല)  മയക്കം കഴിഞ്ഞു കത്തി വെച്ചപ്പോൾ തൊട്ടു ഫോട്ടോ എടുപ്പ് തുടങ്ങി..രോഗിയുടെ സ്വകാര്യതക്ക് ഭംഗം വരുത്തുന്ന രീതിയിൽ അല്ല ഈ  ഫോട്ടോ എടുപ്പ് എന്ന്  പ്രത്യേകം പറയട്ടെ..ഒരു രോഗിയുടെയും സർജറി ചെയ്യുന്ന ഭാഗം അല്ലാതെ മുഖം പോലും കാണില്ല..ഈ ഫോട്ടോ അക്കൂട്ടത്തിൽ ഒന്നാണ്...


മേമക്ക് കാണിച്ചു കൊടുക്കാൻ ആണെന്ന് പറഞ്ഞപ്പോൾ സാറും ഉഷാറായി..തൈറോയിഡ് പിടിച്ചു പറിച്ചു എടുത്തു പുറത്തു വെച്ച് തന്നിട്ട് ഫോടോ എടുത്തോളാൻ പറഞ്ഞു..ഇതാണ് എടുത്തു കളഞ്ഞ സാധനം എന്നു പറഞ്ഞു കാണിച്ചു കൊടുക്ക്‌ എന്നോക്കെ പറഞ്ഞു..എന്തൊക്കെ പറഞ്ഞാലും സ്വന്തം രക്തം ഒഴുകുന്നത്‌ കണ്ടത് അല്പം ഉൾക്കിടിലത്തോട് തന്നെയാണ്  എന്ന് സമ്മതിക്കാൻ എന്നിലെ ഡോക്ടർക്ക്‌ അല്പം പോലും സങ്കോചം ഇല്ല..മനുഷ്യൻ അല്ലെ..

പിന്നെ മേമയെ ICUവിലേക്ക് മാറ്റിയപ്പോൾ ഇടയ്ക്കിടെ ആവശ്യങ്ങൾ അറിയാൻ കയറിയിറങ്ങി..ഭക്ഷണം കഴിക്കുമ്പോൾ പോലും മിണ്ടാതിരിക്കാത്ത ആൾ കണ്ണ് നിറച്ചു എന്റെ കയ്യിൽ pain എന്ന് വിരല് കൊണ്ടെഴുതി..നിറഞ്ഞു വന്ന കണ്ണ് മറച്ചു ഞാൻ അവർക്ക്  വേദനക്കുള്ള മരുന്ന് കുത്തി വെക്കാൻ സിസ്റ്ററോട് അപേക്ഷിച്ചു..

ശബ്ദം നഷ്ടപെടുക, കയ്യും കാലും കാത്സ്യം കുറഞ്ഞു പ്രത്യേകരീതിയിൽ കോച്ചിപിടിക്കുക തുടങ്ങി കുറെയേറെ അപകടങ്ങൾക്ക് സ്വാഭാവികസാധ്യത ഉള്ള സർജറി ദൈവം സഹായിച്ചു ഒരു കുഴപ്പവുമില്ലതെ കഴിഞ്ഞു. ഇന്നലെ ഞാൻ പറഞ്ഞു മേമക്ക് കാൻസർ ആയിരുന്നെന്..ഒരു ഞെട്ടലോടെ അവർ അത് കേട്ട് കുറച്ചു നേരം മിണ്ടാതിരുന്നു..അത് ഉൾകൊള്ളാൻ ഉള്ള സമയം അവർക്കും ഭർത്താവിനും കുട്ടികൾക്കും  കൊടുത്തു ഞാൻ പുറത്തിറങ്ങി..

ഇന്ന് ചെന്നപ്പോൾ കാൻസറിന്റെ പേര് ചോദിച്ചു..ഫോണിൽ ടൈപ്പ് ചെയ്തു കൊടുക്കാൻ പറഞ്ഞു..സെർച്ച്‌ ബോക്സിൽ ഞാൻ papillary carcinoma thyroid എന്ന് ടൈപ്പ് ചെയ്തു കൊടുത്തു ..ചത്ത കുട്ടിയുടെ ജാതകം എഴുതുകയോ എഴുതാതിരിക്കുകയോ ചെയ്യട്ടെ..95% മാറുന്ന തരം കാൻസർ രോഗം ശരീരത്തെ വിട്ടകന്ന ചിരി കണ്ടു ദൈവത്തെ സ്തുതിച്ചു ഞാൻ മാറി നിന്നു ...




Wednesday, January 1, 2014

അൽപനേരം..

എല്ലാവരും 2013 എന്ന നിർഭാഗ്യവര്ഷത്തെ ഓടിച്ചു വിട്ടു 2014  പതിവില്ലാത്ത വിധം സുന്ദരസുരഭിലമായ ഒരു കാലഘട്ടം ആയിരിക്കും എന്ന സ്വപ്നവും കണ്ടു ഇന്നത്തെ പരിപാടികൾ കട്ടക്ക് പ്ലാൻ ചെയ്യുന്നു. നടക്കട്ടെ..എനിക്കത് ഡേറ്റ് എഴുതുന്നതിൽ മൂന്നാം ഭാഗം കൂടി മാറുന്നു എന്ന വ്യത്യാസം മാത്രമായി തോന്നുന്നു..2014 വരുന്നത് തന്നെ ഒരു ദുരിതപെരുമഴയും കൊണ്ടാണ്...

ഞങ്ങൾക്ക്  ജനുവരി മോഡൽ പരീക്ഷക്ക്‌  തല വെച്ച് കൊടുക്കാൻ ഉള്ള മാസമാണ്.  8-10 പുസ്തകങ്ങളുടെ നടുവിൽ ഒട്ടകപക്ഷി മണ്ണിൽ തല പൂഴ്ത്തിയ കണക്കു ഇരിക്കുകയാണ്. എല്ലാ ആഘോഷങ്ങൾക്കും ഒരു ഡോക്ടർക്ക്‌ തിരക്കുകളുടെ മുഖമാണ്. മനസ്സ് നിറയെ ഒന്നുറങ്ങാൻ പോലും കഴിയാത്ത തിരക്ക് പരിശീലിച്ചു തുടങ്ങികഴിഞ്ഞു ഞങ്ങളെല്ലാവരും..ഏറ്റവും ഉയർന്ന ജോലി നേടുന്നവർ അതിനു വേണ്ടി അത്ര തന്നെ കഷ്ടപ്പെടുന്നുമുണ്ട്...

അയ്യേ..ഇത്ര പ്രായവും പക്വതയും ആയിട്ട് പരീക്ഷ വരുന്നതിനു ദുഖിച്ചിരിക്കുന്നോ എന്ന ഭാവം ഇത് വായിക്കുന്ന നിങ്ങളുടെ മുഖത്ത് ഞാൻ കാണുന്നുണ്ട്. പരീക്ഷയും കുറെയേറെ പരീക്ഷണങ്ങളും കൂടെയുണ്ട്. എല്ലാ മെഡിക്കൽ കോളേജിലും ഏറ്റവും കർക്കശസ്വഭാവക്കാർ ജെനറൽ മെഡിസിൻ വിഭാഗക്കാരായിരിക്കും.. കാലം തിരിഞ്ഞു ഈ പരീക്ഷയുടെ കാൽക്കൽ എത്തിയപ്പോൾ ഞങ്ങളുടെ ബാച്ചിന് ജെനറൽ മെഡിസിൻ  പോസ്റ്റിങ്ങ്‌..അവരുടെ കൂട്ടത്തിൽ പുച്ഛം സ്ഥായിഭാവം ആയ മനുഷ്യന്റെ ക്ലാസ്സ്‌ ആണ് നാളെ. ചീത്ത കേട്ട് മടുക്കും മിക്കവാറും..നാളെ എന്റെ ദിവസമാകാൻ ഉള്ള എല്ലാ സാധ്യതയും ഞാൻ കാണുന്നു..

dj, ഗാനമേള, പടക്കം പൊട്ടിക്കൽ, കുടി, കൂത്താട്ടം (ഒടുക്കം സർപ്പം തുള്ളൽ) തുടങ്ങിയ കലാകായികപ്രവർത്തനങ്ങളിൽ അതീവതല്പരയാണ് ഞാൻ(വെള്ളമടി ഒഴിച്ച്)..പെണ്ണായി ജനിച്ചതിൽ ഏറ്റവും കൂടുതൽ നഷ്ടബോധം വരുന്നത്  രണ്ടു അവസരങ്ങളിൽ ആണ്..ഒന്ന്, ആഘോഷങ്ങൾ വരുമ്പോൾ..രണ്ടു, തനിച്ചു എനിക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിൽ യാത്ര ചെയ്യാൻ കഴിയാത്തതിൽ...ആണായിരുന്നെങ്കിൽ ഉറപ്പായും ഈ പ്രായത്തിനുള്ളിൽ ചുരുങ്ങിയത് ഇന്ത്യ മുഴുവനും കറങ്ങിയേനെ ഞാൻ..

മുൻപൊക്കെ വല്ലാത്ത ധൈര്യമായിരുന്നു..ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ തൊട്ടു ബസിലെ ഞരമ്പ്‌ രോഗികളെ ചീത്ത വിളിക്കൽ എന്ന കലാരൂപത്തിൽ വൈദഗ്ദ്യം നേടിയ ആളാണ് ഞാൻ.. ട്രയിനിലെ യാത്രകളിൽ തനിചായിരുന്നപോൾ പോലും പേടി തോന്നിയിട്ടില്ല..സൗമ്യയെയും ഡൽഹിയിലെ പെണ്‍കുട്ടിയെയും കൊന്നപ്പോൾ  തൊട്ടു വല്ലാത്ത ഭയമാണ്..ഇത്തവണ ചെന്നൈയിൽ പോയപ്പോൾ ടോയ്ലെറ്റിൽ പോകാൻ പോലും ഭർത്താവിനെ കാവൽ നിർത്തി..എത്ര ദയനീയമായ അവസ്ഥയിലൂടെയാണ്‌ ഓരോ പെണ്ണും കടന്നു പോകുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ..? പുരുഷസമത്വം എന്നത് മിഥ്യയാണ്‌..നടക്കില്ല, വേണമെന്നും ഇല്ല.മനുഷ്യനായി പരിഗണിക്കാമല്ലോ..

തോണ്ടലും ചികയലും വഴി നീളെ അത്യാധുനിക സ്കാനിംഗ്‌ മെഷിനുകളെ വെല്ലുന്ന ജീവനുള്ള മെഷിനുകളുമായി പോരുത്തപ്പെട്ടാണ് ഓരോ പെണ്‍കുട്ടിയും ഇവിടെ ജീവിക്കുന്നത്..തെറ്റ് എപ്പോഴും പെണ്ണിന്റെ ഭാഗത്തായതു കൊണ്ട് ആരെയും കുറ്റം പറയാൻ പറ്റില്ല, അവർ പുറത്തിറങ്ങുന്നത് കൊണ്ടാണല്ലോ ഇതെല്ലാം വരുന്നത് ! അപ്പൂപ്പൻ ആകാൻ പ്രായമുള്ളവരുടെ ക്രിയാത്മകമായ കഴിവുകൾ കാണുമ്പോൾ പ്രതികരിക്കാൻ പോലും കഴിയാതെ അമ്പരന്നു നിന്നിട്ടുണ്ട്.

മരണം എപ്പോഴായാലും വരും. പക്ഷെ മരണത്തിലും കൂടെയുള്ള അഭിമാനം പോലും നഷ്ടപ്പെട്ട്..പ്രിയപെട്ടവരെ അന്ത്യശ്വാസം വരെ നോവിക്കുന്ന ഓർമയായി ഇനിയും ഒരു പെണ്‍കുട്ടിയും മാറാതിരിക്കട്ടെ .. ഇന്നെന്തു കൊണ്ടോ എനിക്കിതാണ്‌ എല്ലാവരോടും പറയാൻ തോന്നുനത്..

2014 എന്ന പുതിയ വർഷമെങ്കിലും കാമം തീർക്കാൻ ഉള്ള ഉപാധിയായി അല്ലാതെ ബഹുമാനിച്ചില്ലെങ്കിലും അപമാനിക്കാതെ സ്ത്രീയെ ഒരു മനുഷ്യനായി കാണാനുള്ള തിരിച്ചറിവ് ലോകത്ത് എല്ലാവര്ക്കും നല്കട്ടെ...മൂന്ന് വയസ്സുകാരിയിലും വയോവൃദ്ധയിലും ഉപയോഗിക്കപെടാൻ ഉള്ള വികാരം കണ്ടെതുന്നവനെ കൊന്നു കളയാൻ ഉള്ള നീതി നമ്മുടെ നാട്ടിലും നടപ്പാകട്ടെ...ഇത് മാത്രമാണെന്റെ പ്രാർഥന...

 കുട്ടി ഡോക്ടർക്ക്  വേണ്ടി കുറച്ചു സമയം നീക്കി വെച്ച എല്ലാവര്ക്കും എന്റെ പുതുവത്സരാശംസകൾ...

HAVE A HEALTHY 2014 AHEAD... :)